തിരുവനന്തപുരം: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം-കോൺഗ്രസ് നേതാക്കൾ ഒരു മറയുമില്ലാതെ വർഗീയത പരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളുടെ മതം പറയുന്ന എ കെ ബാലൻ പച്ചയ്ക്ക് വർഗീയ പറയുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മുസ്ലിം വോട്ടിന് വേണ്ടി എത്രത്തോളം തരംതാഴാമോ അത്രയും തരംതാഴുകയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
എം വി ഗോവിന്ദൻ സിപിഎമ്മിന്റെ മുൻകാല നിലപാടുകൾ എല്ലാം വിഴുങ്ങുകയാണ്. നഗ്നമായ വർഗീയ പ്രീണനമാണ് സിപിഎം സെക്രട്ടറി നടത്തുന്നത്. ഇംഗ്ലണ്ടിൽ ക്രിസ്തുമതം തകർന്നെന്ന ഗോവിന്ദന്റെ പരാമർശം മതമൗലികവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തിൽ ഒരു മതം മാത്രമേയുള്ളുവെന്ന തരത്തിലാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയും വി ഡി സതീശനും വർഗീയത പറയുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുകയാണ്. ലീഗ് തെളിച്ച വഴിയിലൂടെ സഞ്ചരിക്കുന്നവരായി കോൺഗ്രസ് മാറി. സമസ്തയുടെ കയ്യിലെ കളിപ്പാട്ടങ്ങളായി കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും അധപതിച്ചു. ഇരുപാർട്ടികളിലെയും മതേതരവാദികൾ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

