സ്‌കൈ ഡൈവിംഗിൽ അഭിമാന നേട്ടവുമായി മലയാളി; ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി

തിരുവനന്തപുരം: സ്‌കൈ ഡൈവിംഗിൽ അഭിമാന നേട്ടവുമായി മലയാളി. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ജിതിൻ വിജയനാണ് സ്‌കൈ ഡൈവിംഗിൽ റെക്കോർഡ് സ്വന്തമാക്കിയത്. സാഹസിക വിനോദമായ സ്‌കൈ ഡൈവിംഗിലെ ഫ്രീ ഫാൾ ടൈമിലെ ലോക റെക്കോർഡും ഉയരത്തിന്റെ ഏഷ്യൻ റെക്കോർഡുമാണ് ജിതിൻ സ്വന്തമാക്കിയത്. എറണാകുളത്ത് ഐ.ടി. കമ്പനിയുടെ ഡയറക്ടറാണ് ജിതിൻ.

അമേരിക്കയിലെ ടെന്നസി സ്റ്റേറ്റിൽ വെച്ച് 43,000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് സ്‌കൈ ഡൈവിംഗ് നടത്തിയാണ് ജിതിൻ ലോക റെക്കോർഡ് കരസ്ഥമാക്കിയത്. ബെല്ലി ഫ്ളയിംങ് അല്ലെങ്കിൽ ഫ്ളാറ്റ് ഫ്ളയിംങ് (കമഴ്ന്ന് കിടന്നുള്ള ചാട്ടം) വിഭാഗത്തിലെ ഫ്രീ ഫ്ളയിംങ് ടൈമിലാണ് അദ്ദേഹം ലോക റെക്കോർഡ് സ്വന്തമാക്കിയത്. ചാടുന്ന വിമാനം മുതൽ പാരച്യൂട്ട് തുറക്കുന്നത് വരെയുള്ള സമയമാണ് ഫ്രീ ഫ്ളയിംങ് ടൈം. 2.47 മിനിറ്റ് സമയമാണ് ജിതിൻ ഫ്രീ ഫാൾ നടത്തിയത്.

ഫ്ളാറ്റ് ഫ്ളയിംങ് വിഭാഗത്തിലെ 2.30 മിനിറ്റിന്റെ ലോക റെക്കോർഡാണ് ജിതിൻ തിരുത്തിയത്. ജിതിൻ സ്‌കൈ ഡൈവിംഗ് നടത്തിയത് ദേശീയ പതാക കയ്യിൽ കെട്ടിയാണ്. 43,000 അടി ഉയരത്തിൽ നിന്നുള്ള ചാട്ടത്തിലൂടെ ഉയരത്തിലെ ഇതുവരെയുള്ള 30,000 അടിയുടെ ഏഷ്യൻ റെക്കോർഡും ജിതിൻ തിരുത്തിക്കുറിച്ചു.. ഏഴ് മിനുട്ടെടുത്താണ് 43,000 അടി ഉയരത്തിൽ നിന്ന് ജിതിൽ താഴെയെത്തിയത്.