കണ്ണൂർ: ഏക സിവിൽ കോഡിനെതിരെ മതേതര കക്ഷികളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന നേതൃത്വം. മുസ്ലിംലീഗ് എൽഡിഎഫിൽ വരുമോയെന്ന കാര്യം ചർച്ച ചെയ്യേണ്ടത് എൽഡിഎഫാണെന്നും അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ തങ്ങൾ അഭിപ്രായം പറയുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏക സിവിൽ കോഡ് മതവിഷയമല്ല. അതിനെ വർഗീയവൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവർക്ക് തന്നെ സിവിൽകോഡിനെ കുറിച്ചു വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ ജൂലായ് പതിനൊന്നിന് കോഴിക്കോട് മറീന റെസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കുന്ന സിംപോസിയത്തിൽ മുസ്ലിം ലീഗിനെയും ക്ഷണിച്ചിട്ടുണ്ട്. അവരുടെ പ്രതിനിധി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമസ്തയെയും കാന്തപുരത്തെയും എല്ലാവരെയും സിംപോസിയത്തിൽ ക്ഷണിച്ചിട്ടുണ്ട്. ബിജെപി ഒഴികെയുള്ള മതേതരകക്ഷികൾ ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ ഉറച്ചു നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലായ് പതിനൊന്നിന് നടക്കുന്ന സിംപോസിയത്തിൽ ബിനോയ് വിശ്വം എംപി, പി. മോഹനൻ, ഒ. അബ്ദുറഹ്മാൻ, അഡ്വ.കെ.പ്രവീൺകുമാർ, ഉമ്മർ പാണ്ടികശാല, ഡോ. ഫസൽ ഗഫൂർ, എൻ. അലി അബദുള്ള, ഡോ. ഹുസൈൻ മടവൂർ, കെ. ഇ. എൻ കുഞ്ഞഹമ്മദ്, കെ.സജാദ്, മുസ്തഫ മുണ്ടുപാറ, ഡോ. എ.സി അബ്ദുസലാം, എം. എൽ ജോർജ്, നിഷ വിനു എന്നിവർ പങ്കെടുക്കും.

