മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം; ക്രിസ്തുമതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണെന്ന് മാർ ബസേലിയോസ് ക്ലീമിസ് ബാവ

കൊച്ചി: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് കെസിബിസി അദ്ധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ. ക്രിസ്തുമതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നടത്തിയ ജാഗോ ഭാരത് സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മണിപ്പൂരിലെ പീഡനങ്ങളുടെ പേരിൽ ഇന്ത്യയിലെ ക്രിസ്തുമതം തുടച്ചുനീക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ അത് വെറും വ്യാമോഹമാണ്. മതത്തിന്റെ പേരിൽ ഇരുവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന വിഷയത്തിൽ ജാഗ്രത കാണിക്കണം. കലാപത്തിന് വിരാമമിടുന്നതിൽ എന്താണ് ഭരണാധികാരികൾ ഇത്രയും സമയമെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മണിപ്പൂരിൽ പരസ്പരം കൊന്നു തീർക്കുന്നത് ഭാരതീയരാണോ മറ്റു രാജ്യക്കാരാണോ. ഭാരതീയൻ ആണെങ്കിൽ ഭാരതീയന്റെ ജീവൻ സംരക്ഷിക്കാൻ ഇന്ത്യയുടെ ഭരണാധികാരികൾക്ക് ഉത്തരവാദിത്വമില്ലേ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണം. വിഷയത്തെ കുറിച്ചും അദ്ദേഹം സംസാരിക്കണം. ഇന്ത്യയുടെ വൈവിദ്ധ്യം ഭരണഘടനയിൽ എഴുതിച്ചേർത്തിരിക്കുന്നത് ആലങ്കാരിക പ്രയോഗമല്ല. ഇവിടുത്തെ ഹൈന്ദവനും മുസൽമാനും ക്രിസ്ത്യാനിയും മതമില്ലാത്തവനും ജീവിക്കുന്നതിന് വലിയ അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. ഭരണം പിടിച്ചെടുക്കുന്നതിന് മതം ഉപയോഗിക്കുന്നത് പാപവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.