തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോകയുക്തയ്ക്ക് അപേക്ഷ നൽകി ഹർജിക്കാരൻ. ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കാനിരിക്കെയാണ് അദ്ദേഹം അപേക്ഷ നൽകിയത്. ഹർജിക്കാരൻ ആർ എസ് ശശികുമാറിന് വേണ്ടി അഭിഭാഷകൻ പി സുബൈർകുഞ്ഞാണ് ലോകായുക്തയെ സമീപിച്ചത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസുമാരായ ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. ഹൈക്കോടതി 10 ദിവസം കഴിഞ്ഞാണ് പരിഗണിക്കാൻ കേസ് മാറ്റിവെച്ചിട്ടുള്ളത്.
കേസിന്റെ സാധുത സംബന്ധിച്ച് മൂന്നംഗ ബെഞ്ച് ഒരുവർഷം മുൻപ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹർജിക്കാരൻ ഹെക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ തീർപ്പായിട്ടില്ല. ഇതിനേത്തുടർന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം കേസ് മാറ്റിവെക്കാൻ ലോകായുക്തയ്ക്ക് അപേക്ഷ സമർപ്പിച്ചത്. ലോകയുക്തയ്ക്ക് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ നേരിട്ട് നിർദ്ദേശം നൽകിയിരുന്നു.

