ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് തിരിച്ചടി. ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡൻറും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷനെതിരെ ഡൽഹി റോസ് അവന്യു കോടതി രംഗത്തെത്തി. ബ്രിജ് ഭൂഷൺ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
ജൂലൈ 18 ന് കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു താരവും ഉൾപ്പെടും. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

