ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ. അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്നുള്ള കോടതിവിധിയിൽ സ്റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുലിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും രാഹുൽ ഗാന്ധിയുടെ ശീലമായി മാറിയിരിക്കുന്നുവെന്ന് രവി ശങ്കർ പ്രസാദ് വിമർശിച്ചു.
മറ്റുള്ളവർക്കെതിരെ അപകീർത്തി പരാമർശം നടത്തുന്നതിൽ രാഹുൽ ഒരു ”പരമ്പര കുറ്റവാളി”യാണ്. രാഹുൽ മാപ്പ് പറഞ്ഞിരുന്നെങ്കിൽ വിഷയം അവസാനിക്കുമായിരുന്നു. കോൺഗ്രസിന് എന്തുകൊണ്ടാണ് രാഹുലിനെ നിയന്ത്രിക്കാൻ കഴിയാത്തത്. മര്യാദയോടെ സംസാരിക്കാൻ രാഹുലിനെ കോൺഗ്രസ് ശീലിപ്പിക്കാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും രാഹുലിന്റെ പതിവായി മാറിയിരിക്കുകയാണ്. പ്രമുഖ നേതാക്കൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും ഏറ്റവും മോശമായ അധിക്ഷേപങ്ങൾ രാഹുൽ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കോടതിയുടെ ഉത്തരവ് എല്ലാവരും സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ഞങ്ങളുടെ കുടുംബപ്പേരിനെയാണ് അപമാനിച്ചതെന്നും രാഹുലിനെതിരെ സൂറത്ത് കോടതിയിൽ അപകീർത്തിപരാതി നൽകിയ പൂർണേഷ് മോദി വ്യക്തമാക്കി. പിന്നാക്ക വിഭാഗത്തെ അപമാനിക്കുകയും മാപ്പ് പറയാൻ പോലും കൂട്ടാക്കാതെ ധാർഷ്ട്യത്തോടെ പെരുമാറുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

