മലപ്പുറം: മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാരക രോഗത്തെ കുറിച്ചുള്ള ഭയം മൂലമാണ് ഇവരുടെ ആത്മഹത്യയെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരാണ് മരണപ്പെട്ടത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു.
ദമ്പതികളുടെ മൂത്ത മകന് കഴിഞ്ഞ മാസം മാരക രോഗമായ ഡുഷേൻ മസ്‌കുലർ ഡിസ്‌ട്രോഫി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മാതാപിതാക്കളുടെയും ഇളയ കുട്ടിയുടെയും പരിശോധന നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഈ അസുഖത്തെക്കുറിച്ചുള്ള ആധിയാണ് കുടുംബം ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് സംശയിക്കുന്നത്.
പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്ന രോഗമാണ് ഡിഎംഡി. ധനകാര്യ സ്ഥാപനങ്ങളിലെ മാനേജർമാരായാണ് ദമ്പതികൾ ജോലി ചെയ്തിരുന്നത്. ഇവർക്ക് സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ്ബന്ധുക്കൾ വ്യക്തമാക്കുന്നത്.

