അഭിപ്രായ പ്രകടനം നടത്തി ആശയക്കുഴപ്പമുണ്ടാക്കാൻ നേതാക്കളെ അനുവദിക്കില്ല; മുസ്ലിം ലീഗ്

കോഴിക്കോട്: അഭിപ്രായ പ്രകടനം നടത്തി ആശയക്കുഴപ്പമുണ്ടാക്കാൻ നേതാക്കളെ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടു കൂടി മാത്രമേ മാധ്യമങ്ങളോട് പറയാൻ പാടുള്ളൂവെന്നാണ് ലീഗിന്റെ തീരുമാനം. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

പാർട്ടി തീരുമാനം ഉത്തരവാദിത്തപ്പെട്ടവർ പറയും. സാമൂഹ്യ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും പാർട്ടി നയത്തിന് എതിരായി നേതാക്കളും പ്രവർത്തകരും അഭിപ്രായം പറയാൻ പാടില്ലെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അതേസമയം, ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോയെന്ന കാര്യം യുഡിഎഫിൽ ചർച്ച ചെയ്‌ത ശേഷമേ തീരുമാനിക്കൂവെന്ന് അദ്ദേഹം അറിയിച്ചു.

സിപിഎമ്മിന്റെ ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂന്നത് സെമിനാറിന്റെ സ്വഭാവവും പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച് മാത്രമായിരിക്കും. ഏക സിവിൽ കോഡിൽ ഇ എം എസിന്റെ നിലപാടിൽ നിന്നും സിപിഎം ഇപ്പോൾ മാറിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.