അഹമ്മദാബാദ്: അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ ശിക്ഷ വിധിച്ചത് സ്റ്റേ ചെയ്യാതിരിക്കുന്നതിൽ ഒരു അനീതിയുമല്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് ഹൈക്കോടതി. കുറ്റക്കാരനെന്ന് വിധിച്ച വിചാരണക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും രണ്ട് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് ഇതുസംബന്ധിച്ച് പരാമർശം നടത്തിയത്.
രാഹുൽ ഗാന്ധിക്കെതിരെ കുറഞ്ഞത് 10 ക്രിമിനൽ കേസുകളെങ്കിലും നിലവിലുണ്ട്. ഇപ്പോഴത്തെ കേസിന് ശേഷവും അദ്ദേഹത്തിനെതിരെ ചില കേസുകൾ കൂടി ചുമത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒന്ന് വീർ സവർക്കറുടെ ചെറുമകനാണ് ഫയൽ ചെയ്തത്. എന്തായിരുന്നതാലും ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിക്കുന്നത് ഒരു തരത്തിലും അപേക്ഷകനോട് അനീതിക്ക് കാരണമാകില്ല. ന്യായമായ കാരണങ്ങളൊന്നുമില്ല. ശിക്ഷാവിധി ന്യായവും ഉചിതവും നിയമപരവുമാണ്. പ്രസ്തുത ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ല. അതിനാൽ അപേക്ഷ തള്ളുന്നു. രാഷ്ട്രീയത്തിൽ ശുദ്ധി വേണമെന്നും കോടതി അറിയിച്ചു.

