ന്യൂഡൽഹി: രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. എൻ2, എൻ3 വിഭാഗങ്ങളിൽപ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രക്ക് ഡ്രൈവർമാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഗഡ്കരി അറിയിച്ചു.
പുതിയ തീരുമാനം ട്രക്ക് ഡ്രൈവർമാർക്ക് സുഖപ്രദമായ തൊഴിൽ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നതിലും അതുവഴി അവരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദീർഘദൂര യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് ക്ഷീണമുണ്ടാകാതിരിക്കാനും പുതിയ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗതാഗത മേഖലയിൽ ട്രക്ക് ഡ്രൈവർമാർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ തൊഴിൽ സാഹചര്യങ്ങളും മാനസികാവസ്ഥയും സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

