ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെയുള്ള മേഖലയിൽ ശോഭിച്ച പ്രതിഭയാണ് അദ്ദേഹം. 1925 സെപ്തംബർ 13നാണ് അദ്ദേഹം ജനിച്ചത്. പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനാണ് അദ്ദേഹം.

വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത് വരയുടെ പരമശിവൻ എന്നാണ്. തകഴി, എംടി. ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. എംടിയുടെ രചനകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി നമ്പൂതിരി വരച്ച പെയ്ന്റിങ് ഏറെ പ്രശസ്തമാണ്.

രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിയ വരകളാണ്. കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയായിരുന്നു നമ്പൂതിരി. വരയിലും പെയിന്റിങ്ങിലും ശിൽപ്പവിദ്യയിലും ഒരുപോലെ അദ്ദേഹം കഴിവുതെളിയിച്ചു. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു. രാജാ രവിവർമ്മാ പുരസ്‌കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രമെന്നും മുഖ്യമന്ത്രി അറിയിച്ചു.