അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദമല്ല പുറത്തുവരേണ്ടത്; ഖലിസ്ഥാൻ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യ

കാനഡ: ഖലിസ്ഥാൻ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദമല്ല പുറത്തുവരേണ്ടതെന്ന് ഇന്ത്യ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. കാനഡയിലും യുകെയിലും ഉയരുന്ന ഖലിസ്ഥാൻ വാദത്തിനെതിരെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ഖലിസ്ഥാൻവാദികൾ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ എഴുതിയ പോസ്റ്ററുകൾ സ്വീകാര്യമല്ലാത്തതാണ്. ഇത്തരം വാദങ്ങൾക്ക് ഇടം നൽകരുതെന്ന് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. നാലുരാജ്യങ്ങളിൽ ഖലിസ്ഥാൻ വാദം ഉയരുന്നുണ്ട്. ചിലയിടങ്ങളിൽ നടപടി സ്വീകരിച്ചു. മറ്റിടങ്ങളിൽ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാനഡയിലാണ് ഇന്ത്യൻ ഉന്നത നയതന്ത്രജ്ഞ ഉദ്യോഗസ്ഥർക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുള്ള പോസ്റ്റുകൾ പ്രചരിച്ചത്. ഖലിസ്ഥാൻ അനുകൂല റാലിയെക്കുറിച്ച് അറിയിക്കുന്ന പോസ്റ്ററുകളിലാണ് കാനഡയിലെ ഇന്ത്യൻ പ്രതിനിധി, ഹൈക്കമ്മീഷണർ സഞ്ജയ് വർമ, ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങളും പേരുകളും ഉൾപ്പെടുത്തിയുള്ള വിദ്വേഷ പ്രചാരണമുള്ളത്. കാനഡയിലെ സറേയിൽവെച്ച് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് മേധാവി ഹർദീപ് സിങ്ങ് നിജ്ജാറിനെ അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു. ഇതുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നാണ് പോസ്റ്ററിലെ ആരോപണം.