ചെന്നൈ: ഗവർണർമാർ രാഷ്ട്രീയം പറയരുതെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. അത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തിനെതിരായ ഗവർണറുടെ വിമർശനം ബിജെപിക്ക് ഗുണം ചെയ്യുമെങ്കിലും ഇത്തരം പ്രസ്താവനകളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം അറിയിച്ചു. വില്ലുപുരത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് അണ്ണമലൈയുടെ പ്രതികരണം. ഗവർണർ രാഷ്ട്രീയക്കാരനല്ലാത്തതിനാൽ ഇത്തരം പ്രസ്താവനകൾ നടത്തേണ്ടത് അദ്ദേഹത്തിന്റെ ജോലിയല്ല. ഗവർണർ എല്ലാത്തിനും മറുപടി പറയാൻ തുടങ്ങിയാൽ അത് എവിടെച്ചെന്ന് അവസാനിക്കും. സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരണം അറിയിക്കാൻ അദ്ദേഹം ദിവസവും മാധ്യമങ്ങളെ കാണുകയും അഭിപ്രായം പറയുകയും ചെയ്താൽ അത് സർക്കാർ അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
നിയമസഭയിൽ ഗവർണർക്ക് തന്റെ അഭിപ്രായങ്ങൾ പറയാം. തന്നെപ്പോലെയുള്ള രാഷ്ട്രീയ പ്രവർത്തരെ പോലെ അദ്ദേഹം ദിവസവും പത്രക്കാരെ കാണാൻ തുടങ്ങിയാൽ ആ പദവിക്ക് മാന്യത നഷ്ടപ്പെടും. ഡിഎംകെ തെറ്റ് ചെയ്താൽ ബിജെപി അതിന് വിമർശിക്കുന്നതും ഗവർണർ വിമർശിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.

