അജിത് പവാർ ഉൾപ്പെടെ മറുകണ്ടം ചാടിയ മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി; പാർട്ടി അധ്യക്ഷൻ താൻ തന്നെയാണെന്ന് ശരദ് പവാർ

മുംബൈ: അജിത് പവാർ ഉൾപ്പെടെ മറുകണ്ടം ചാടിയ മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി. പ്രഫുൽ പട്ടേലും 9 എംഎൽഎമാരും പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ശരദ് പവാർ അധ്യക്ഷനായ എൻസിപി പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ശരദ് പവാറിന്റെ വസതിയിൽ വെച്ചാണ് യോഗം ചേർന്നത്. 27 സംസ്ഥാന സമിതികൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവരെല്ലാം ശരദ് പവാറിനൊപ്പമാണെന്ന് വ്യക്തമാക്കി. കേരളത്തിൽ നിന്നും സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുത്തിരുന്നു.

എൻസിപി അധ്യക്ഷൻ താൻ തന്നെയാണെന്നും മറ്റ് അവകാശ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും യോഗത്തിന് ശേഷം ശരദ് പവാർ പ്രതികരിച്ചു.