കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഏകീകൃത സിവിൽ കോഡ് ഹിന്ദു മുസ്ലിം പ്രശ്നം മാത്രമാക്കി കാണാൻ ബിജെപിയും സിപിഎമ്മും ഒരുപോലെ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ആശയ കുഴപ്പം ഇല്ല. പിണറായി വിജയന്റെയും എം വി ഗോവിന്ദന്റേയും ഒത്താശ വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. പണ്ട് ആരിഫ് മുഹമ്മദ് ഖാനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ച ആളുകൾ ആണ് സിപിഎം. ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തതക്കുറവില്ല. സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കോൺഗ്രസ്സാണ് നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം സംസാരിച്ചു. കോൺഗ്രസിന് നിലപാടില്ലെന്ന് പറയുന്ന മന്ത്രി റിയാസ്, ആദ്യം അമ്മായി അച്ഛന്റെ കൈതോലപ്പായയെക്കുറിച്ച് പറയട്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർബൺ പതിപ്പാണ് പിണറായി വിജയൻ. ഡൽഹിയിൽ ഈനാംപേച്ചി എങ്കിൽ തിരുവനന്തപുരത്ത് മരപ്പട്ടിയാണെന്ന് കെ മുരളീധരൻ പരിഹസിച്ചു.
പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവരുടെ കേസ് പിൻവലിക്കാത്ത സിപിഎമ്മിനൊപ്പം ആര് പോകും. ജി ശക്തിധരന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. സിപിഎം രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ ഗുണ്ടകളെ വിടുന്ന പാർട്ടിയാണ്. ടിപി ചന്ദ്രശേഖരന് സംഭവിച്ചത് കെ സുധാകരനും സംഭവിക്കുമായിരുന്നു. ഇതിന്റെ ശ്രദ്ധ തിരിച്ചുവിടാൻ കൂടി വേണ്ടിയാണ് കള്ള ക്കേസുകൾ എടുക്കുന്നത്. ലോക്നാഥ് ബഹറ മോൺസന്റെ കസേരയിൽ കയറി ഇരുന്ന ആളാണ്. അയാൾക്ക് എതിരെ കേസ് ഇല്ല. ചികിത്സക്ക് പോയ സുധാകരന് എതിരെ മാത്രം കേസ് എടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ ഉപയോഗിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

