തിരുവനന്തപുരം: സംസ്ഥാനത്തെ 5 സർക്കാർ മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിനു സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. അടിസ്ഥാന സൗകര്യത്തിന്റെയും ജീവനക്കാരുടെയും കുറവും, ഫണ്ടിന്റെ അപര്യാപ്തതയുമാണ് നടപടിൾ വൈകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാത്രമാണ് സംസ്ഥാനത്ത് 5 സർക്കാർ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും പോസ്റ്റ്‌മോർട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.
വൈകിട്ട് 4 നു ശേഷം അസ്വാഭാവിക മരണങ്ങളുണ്ടായാൽ പോസ്റ്റ്‌മോർട്ടം നടപടികൾ പിറ്റേ ദിവസത്തേക്കു മാറ്റുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവു പ്രകാരം അസ്വാഭാവിക മരണങ്ങളിൽ രാത്രിയിൽ പൊലീസ് ഇൻക്വസ്റ്റ് നടക്കുന്നുണ്ടെങ്കിലും രാത്രി പോസ്റ്റ്‌മോർട്ടം മാത്രം നടക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കാസർകോട് ജനറൽ ആശുപത്രിയിൽ ഒഴികെ 5 മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടം പൂർണതോതിൽ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. എല്ലാ സർക്കാർ ആശുപത്രികളിലും 24 മണിക്കൂർ പോസ്റ്റ്‌മോർട്ടം നടപ്പാക്കുന്നത് പരിശോധിക്കാൻ സമിതി രൂപീകരിക്കണമെന്ന ഹൈക്കോടതി നിർദേശവും ഇതുവരെ നടപ്പായില്ല.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകൾ, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ രാത്രികാല പോസ്റ്റ് മോർട്ടം നടത്താൻ 2015 ഒക്ടോബർ 26ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, എട്ടു വർഷമായിട്ടും സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

