എം വി ഗോവിന്ദന്റെ വാക്ക് മറുപടി അർഹിക്കുന്നില്ല; വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏക സിവിൽ കോഡിനെതിരെ സി.പി.എം. നടത്തുന്ന പ്രക്ഷോഭത്തിൽ ലീഗിനും പങ്കെടുക്കാമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

എം വി ഗോവിന്ദന്റെ വാക്കിന് മറുപടിയില്ലെന്നും മറുപടി അർഹിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് ലക്ഷ്യം വെച്ചാണ് അദ്ദേഹം അത് പറഞ്ഞത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിക്കണം. ലീഗും അവരും തമ്മിൽ എവിടെയെങ്കിലും ബന്ധമുണ്ടോ. പിന്നെ എന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നത്. ലീഗുകാർ സിപിഎമ്മിന്റെ കൂടെ കൂടാമെന്ന് പറഞ്ഞോയെന്നും അദ്ദേഹം ചോദിക്കുന്നു. ഏക സിവിൽ കോഡിൽ കോൺഗ്രസിന്റെ നിലപാട് കേരളത്തിൽ എടുക്കേണ്ടതല്ല. ദേശീയ തലത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് കാത്തിരിക്കുകയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.