ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യ. അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കുന്ന ആണവായുധം വഹിക്കാൻ ശേഷിയുള്ള കെ 15 സാഗരിക മിസൈൽ പരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രം. ഡോ. അബ്ദുൾകലാം ദ്വീപിൽ നിന്നായിരുന്നു ഹ്രസ്വദൂര മിസൈലായ കെ15 ഡി.ആർ.ഡി.ഒയുടെ പരീക്ഷണം നടത്തിയത്.
ഇന്ത്യയുടെ ആണവായുധ ശേഷിയിൽ നിർണായകമായ മിസൈലായ കെ 15 സാഗരിക ആണവായുധങ്ങളെ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനികളിൽ ഘടിപ്പിച്ചിട്ടുണ്ട്. കെ 15 സാഗരികയുടെ ദൂര പരിധി പരമാവധി 750 കിലോമീറ്ററാണ്. കെ 15 സാഗരിക 2018 ഓഗസ്റ്റ് മുതൽ ഇന്ത്യൻ സേനയുടെ ഭാഗമാണ്.
1990ൽ ഡി.ആർ.ഡി.ഒ പദ്ധതി ആരംഭിച്ചത്. 2012 മാർച്ച് അഞ്ചിനാണ് പദ്ധതിയുടെ ആദ്യ പരീക്ഷണം നടക്കുന്നത്. ആദ്യ പരീക്ഷണം വിജയകരമായിരുന്നു. അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം വെള്ളത്തിനടിയിൽ നിന്നും ആണവായുധ മിസൈൽ തൊടുക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയത് ഈ മിസൈലിന്റെ വരവോടെയാണ്. കെ 15 മിസൈൽ രണ്ടു ഘട്ടങ്ങളായാണ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ വെള്ളത്തിന് ഉള്ളിൽ നിന്നും പുറത്തേക്കെത്താൻ ഗ്യാസ് ബൂസ്റ്റർ ഉപയോഗിക്കുന്നു. പിന്നീട് സോളിഡ് റോക്കറ്റ് മോട്ടോറിന്റെ സഹായത്തിൽ ലക്ഷ്യത്തിലേക്കു കുതിക്കും.
ആണവാക്രമണമുണ്ടായാൽ ഇന്ത്യയുടെ തിരിച്ചടിക്കാനുള്ള ശേഷിയിൽ നിർണായകമാണ് ഈ മിസൈൽ. ഐ.എൻ.എസ് അരിഹന്ത് പോലുള്ള ആണവായുധങ്ങളെ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനികളിൽ കെ 15 മിസൈലുകൾ ഘടിപ്പിക്കാൻ കഴിയും.

