വായ്പാ പരിധി നിയന്ത്രണം; നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: വായ്പാ പരിധി നിയന്ത്രണത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അർഹിക്കുന്ന ധനസഹായം ചോദിച്ച് വാങ്ങാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടിയാലോചനകളും നിയമോപദേശവും ഉൾപ്പെടെ ലഭിച്ച ശേഷം മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

കടമെടുപ്പ് പരിധി 20000 കോടിയാണെന്ന മുൻ നിലപാട് കേന്ദ്ര സർക്കാർ ഇപ്പോൾ തിരുത്തിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ആകെ ബാധ്യത സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാകില്ല. പൊതുമേഖല സ്ഥാപനങ്ങൾ നിലനിൽപ്പിനുള്ള വഴികൾ സ്വയം കണ്ടെത്തണം. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുക്കും. എന്നാൽ പണലഭ്യത പ്രശ്‌നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പണം കിട്ടുന്ന മുറക്ക് ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കും. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ സംശയമുണ്ട്. അത് പരിശോധിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഇപ്പോൾ പറയുന്നവരാണ് അത് നടപ്പിലാക്കിയതെന്നും ധനമന്ത്രി അറിയിച്ചു.

ഏകീകൃത സിവിൽ കോഡ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ആശങ്ക കൊണ്ടാണ് പ്രതിപക്ഷ നേതാവ് സിവിൽ കോഡ് വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നത്. സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിൽ സഹകരിക്കാവുന്നവരെ സഹകരിപ്പിക്കുമെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.