ബ്യൂട്ടി പാർലർ ഉടമ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട സംഭവം; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ചാലക്കുടി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണി മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഷീല സണ്ണിയെ കേസിൽ കുടുക്കാൻ കൂട്ടുനിന്ന എക്സൈസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

എക്‌സൈസ് കമ്മിഷണറാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ കെ സതീശനെതിരെയാണ് നടപടി സ്വീകരിച്ചത്. സതീശൻ വ്യാജ കേസ് ചമയ്ക്കാൻ കൂട്ടുനിന്നെന്നും വ്യാജ കേസ് ചമച്ചവരുടെ ഉപകരണമായി ഇയാൾ പ്രവർത്തിച്ചെന്നും എക്‌സൈസ് അറിയിച്ചു.

അതേസമയം, ഷീല സണ്ണിയുടെ ബാഗിൽ എൽഎസ്ഡി ഉണ്ടെന്ന് തനിക്ക് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോളിൽനിന്ന് ആണെന്നാണ് സതീശൻ നൽകിയ മൊഴി. ഈ കോൾ ആരുടേതെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബംഗളൂരുവിൽ നിന്നെത്തിയ തന്റെ ഒരു ബന്ധു തന്റെ വാഹനത്തിലിരുന്ന ബാഗിൽ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചെന്നാണാണ് ഷീല ആരോപിക്കുന്നത്. ഷീലയുടെ ബാഗിൽ വ്യാജ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്.

ഷീലാ സണ്ണിയെ ഫോണിൽ വിളിച്ച് മന്ത്രി എം ബി രാജേഷ് ആശ്വസിപ്പിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഷീല സണ്ണിയെ വ്യാജമായി കേസിൽ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. അതുകണ്ട് തന്നെ ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് നന്ദി അറിയിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഷീലാ സണ്ണി പറഞ്ഞു. ഇന്നലെ യോഗങ്ങളുടെ തിരക്കിലായതിനാൽ അത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളിൽ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.