തിരുവനന്തപുരം: കേരളത്തിലെ എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ തലത്തിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം പുറത്ത് പോയതിന് പിന്നാലെയാണ് കേരളത്തിലെ നേതാക്കളെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. എൻസിപി ദേശീയ തലത്തിൽ സ്വീകരിച്ച മാതൃക കേരളത്തിലെ നേതാക്കൾക്കും പിന്തുടരാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ എൻസിപിയിൽ പലർക്കും അതൃപ്തിയുണ്ട്. എൻഡിഎയിലേക്ക് വന്നാൽ മാത്രമേ അവർക്ക് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സംസ്ഥാന സർക്കാരിനെതിരെ എം വി ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങൾ ഉൾപ്പെടെ പൂർണവ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് ഊരാളുങ്കലിന് അനുമതി നൽകിയത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഡേറ്റാ കച്ചവടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന ആരോഗ്യവിവരവും വിദ്യാഭ്യാസ യോഗ്യതയും പ്രായമായവരുടെ ഉൾപ്പെടെ കോടിക്കണക്കിന് ആളുകളുടെ ഡേറ്റയാണ് ശേഖരിച്ചതെന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കോടികളുടെ കച്ചവടമാണ് നടന്നത്. പാലവും കെട്ടിടങ്ങളും ഊരാളുങ്കലിന് ഒരു മാനദണ്ഡവുമില്ലാതെ കൊടുക്കുന്ന സർക്കാർ കേരളത്തിലെ പൗരൻമാരുടെ വിവരങ്ങളും ഊരാളുങ്കലിന് പണമുണ്ടാക്കാനായി നൽകിയിരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ലോകകമ്പോളത്തിൽ ഡേറ്റായ്ക്ക് ശതകോടികളുടെ വിലയാണ്. സ്പ്രിംഗ്‌ളറിലൂടെ കേരളത്തിലെ പൗരൻമാരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചെങ്കിൽ ഇപ്പോൾ വളഞ്ഞവഴിയിലൂടെ പൂർണവിവരങ്ങളും വിൽപനയ്ക്കു വയ്ക്കുന്നു. ഊരാളുങ്കൽ ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ പോർട്ടലിൽ തന്നെയാണ് സൂക്ഷിച്ചത്. പഞ്ചായത്ത് സോഫ്റ്റ് വെയറിലേക്ക് ഇത് നൽകിയിട്ടില്ല. ഇതു തന്നെ കള്ളക്കച്ചടത്തിന്റെ ആഴം തുറന്നു കാണിക്കുന്നതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

