പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ സാന്നിദ്ധ്യം; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്പിജി ഉദ്യോഗസ്ഥരാണ് ആദ്യം ഡ്രോൺ കണ്ടത്. ഇവർ ഉടൻ തന്നെ വിവരം ഡൽഹി പൊലീസിനെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. നോ ഫ്‌ലൈ സോൺ അഥവാ നോ ഡ്രോൺ സോൺ ആണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന മേഖല. ഇവിടെ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അതീവ സുരക്ഷാ മേഖലയിൽ ഡ്രോണുകൾ പറക്കുന്നത് തടയാൻ ആന്റി ഡ്രോൺ സംവിധാനം ഉണ്ട്. ഇതിലാണ് രാവിലെ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.