ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബിൽ അവതരണത്തിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടലുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം. പാർട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചിട്ടുള്ളത്.
പാർലമെന്ററി പാർട്ടിയിൽ ഇതുസംബന്ധിച്ച് നേതൃത്വം നിർദേശം നൽകി. ഇക്കഴിഞ്ഞ മാർച്ച് മാസമാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്.
പിന്നീട് ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. വിഷയത്തിൽ അടിയന്തരമായി അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷമേ കേന്ദ്ര സർക്കാരിന് തുടർ നടപടി സ്വീകരിക്കാൻ കഴിയൂവെന്നും വ്യക്തമാക്കിയാണ് സർക്കാരിന്റെ അഭിപ്രായം കേന്ദ്രം തേടിയത്.
എന്നാൽ ഹൈബി ഈഡന്റെ നിർദേശത്തെ സർക്കാർ എതിർത്തു. നിർദേശം അപ്രായോഗികമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട്. കോൺഗ്രസ് നേതാക്കൾ പോലും ഹൈബി ഈഡന്റെ ബില്ലിനെ എതിർക്കുകയാണ് ഉണ്ടായത്.

