തിരുവനന്തപുരം: കേരളത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ തമിഴ്‌നാട്ടിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ട്രെയിൻ നാഗർകോവിൽ നിന്നും തിരുനെൽവേലി വഴി മധുരയിലേക്ക് സർവീസ് നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.
വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ രണ്ടാം വന്ദേഭാരത് ട്രെയിൻ കേരളത്തിന് നഷ്ടമാകുമെന്ന സ്ഥിതിയാണ്. തമിഴ്‌നാട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവിലുള്ളത്. ചെന്നൈയിൽ നിന്ന് മൈസുരിലേക്കും, കോയമ്പത്തൂരിലേക്കുമാണ് തമിഴ്‌നാട്ടിൽ വന്ദേഭാരത് സർവ്വീസ് നടത്തുന്നത്.
ഇതിന് പുറമെ മൂന്നാമത്തെ വന്ദേഭാരത് ചെന്നൈയിൽ നിന്ന് തിരുപ്പതിയിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ച് നൽകുകയും ചെയതു. അധികം താമസിയാതെ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ കഴിയും. ഇതിനിടെയാണ് കേരളത്തിന്റെ വന്ദേഭാരത് ട്രെയിൻ തട്ടിയെടുക്കാനുള്ള നീക്കം നടക്കുന്നത്. ദക്ഷിണ റെയിൽവേയിലെ ചിലരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന.
കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയിലെ മേലേപാളയം വരെയും തിരുവനന്തപുരം ഡിവിഷനു കീഴിലുളളതാണ്. ഡിവിഷന് അനുവദിച്ച ഒരു ട്രെയിൻ കേരളത്തിൽ ഓടുമ്പോൾ രണ്ടാമത്തേത് മുഴുവനായി തമിഴ്‌നാടിനിരിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്.

