ഇഡി സ്‌പോൺസേഡ് അട്ടിമറിയാണ് മഹാരാഷ്ട്രയിൽ നടന്നത്; ബിജെപിയുടെ തരം താണ കളിയാണിതെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ്. ഇഡി സ്‌പോൺസേഡ് അട്ടിമറിയാണ് മഹാരാഷ്ട്രയിൽ നടന്നതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

അട്ടിമറി ജനങ്ങൾ അംഗീകരിക്കില്ല. പ്രതിപക്ഷ ഐക്യത്തെ അട്ടിമറി നീക്കം ബാധിക്കില്ല. രാഷ്ട്രീയ ധാർമികതയുടെ അധപ്പതനത്തിന്റെ പാരമ്യമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ തരം താണ കളിയാണിത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ശരത് പവാറുമായി സംസാരിച്ചു. റോമാ നഗരം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ അക്രമം നടക്കുമ്പോൾ മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നടക്കുന്നു. ബിജെപിക്ക് രാഷ്ട്രീയധർമ്മമില്ല. ഒരു സംസ്ഥാനം കത്തിയെരിയുമ്പോൾ സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടിയെ പിളർത്താൻ നോക്കുകയാണ് ബിജെപിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.