തിരുവനന്തപുരം: സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾക്ക് വേഗംകുറവെന്ന പരാതിയ്ക്ക് പരിഹാരമാകുന്നു. സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളുടെ വേഗം മണിക്കൂറിൽ 80 കിലോമീറ്ററാക്കി ഉയർത്തി. പൊതുഗതാഗതവാഹനങ്ങളുടെ വേഗപരിധി സർക്കാർ ഉയർത്തിയ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കേന്ദ്രനിയമത്തിനനുസൃതമായി സംസ്ഥാനത്തെ വിവിധ നിരത്തുകളിൽ വാഹനങ്ങളുടെ വേഗം പുനർനിശ്ചയിക്കാൻ മന്ത്രി ആന്റണി രാജു വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്ന് വേഗപരിധി പുതുക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
മണിക്കൂറിൽ 60 കിലോമീറ്ററായിരുന്നു സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളുടെ വേഗം. പുതുക്കിയ വിജ്ഞാപനപ്രകാരം കേരളത്തിലെ ചില റോഡുകളിൽ 95 കിലോമീറ്റർ വരെ വേഗപരിധിയുണ്ടെങ്കിലും സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളുടെ വേഗം 80 കിലോമീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ഗജരാജ് എ സി സ്ലീപ്പർ തുടങ്ങിയ ബസുകളിലെ വേഗം 95 ആയി ക്രമീകരിച്ചു. സ്വിഫ്റ്റിന്റെ സർവീസുകൾ ആരംഭിച്ച സമയത്ത് ഹ്രസ്വദൂരബസുകൾ ഓടിച്ചിരുന്ന ജീവനക്കാർക്ക് ദീർഘദൂര റൂട്ടുകളിൽ അനുഭവ പരിജ്ഞാനം കുറവായിരുന്നു. അതിനാൽ അപകടങ്ങളിൽപ്പെടുന്നതുകൂടി കണക്കിലെടുത്തായിരുന്നു പുതിയതായി സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കിയപ്പോൾ വേഗപരിധി കുറച്ചത്. എന്നാൽ ഇപ്പോൾ ജീവനക്കാർ പരിചയസമ്പന്നരാണെന്ന് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.

