മഹാരാഷ്ട്രയിൽ നാടകീയ നീക്കങ്ങൾ; എൻസിപിയെ പിളർത്തി അജിത് പവാർ, ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

മുംബൈ: മഹാരാഷ്ട്രയിൽ നാടകീയ നീക്കങ്ങൾ. എൻസിപിയെ പിളർത്തി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാർ രാജഭവനിലെത്തിയത് തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

അജിത് പവാറിനൊപ്പം മുതിർന്ന നേതാവ് പ്രഫുൽ പട്ടേലുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ ഐക്യരൂപീകരണത്തിനിടെയാണ് എൻസിപിയുടെ മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്. എൻസിപിയിലെ അധികാരത്തർക്കത്തെ തുടർന്നാണ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത്.

കഴിഞ്ഞ ദിവസം ശരദ് പവാർ എൻസിപി വർക്കിംഗ് പ്രസിഡന്റുമാരാക്കി പ്രഫുൽ പട്ടേലിനെയും സുപ്രിയ സുലെയെയും പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഗോവ, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് പ്രഫുൽ പട്ടേലിന് നൽകിയിരുന്നത്. ശരത് പവാറിന്റെ മകളും ലോക്‌സഭാ എംപിയുമായ സുപ്രിയ സുലെക്ക് മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയത്.