തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും സംസ്ഥാന സമിതി യോഗത്തിലും എൽഡിഎഫ്. കൺവീനർ ഇ പി ജയരാജൻ പങ്കെടുത്തില്ല. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കാത്തത്. ആയുർവേദ ചികിത്സയിലായതിനാലാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ഇ പി ജയരാജൻ വ്യക്തമാക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ഉൾപ്പെടെ വിലയിരുത്തുന്ന നിർണായക യോഗങ്ങളാണ് നടക്കുന്നത്. സിപിഎം. സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും. മിനികൂപ്പർ വിഷയം, എസ്എഫ്‌ഐ. വിഷയം ഉൾപ്പെടെ യോഗം ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ട്. നേതാക്കളുടെ ആഢംബര ജീവിതത്തിനെതിരേ യോഗം വിമർശനം ഉന്നയിച്ചെന്നാണ് വിവരം.
പല ചടങ്ങിൽ നിന്നും എൽ.ഡി.എഫിന്റെ പല പ്രധാന യോഗങ്ങളിൽ നിന്നും ഇപ്പോൾ ഇ പി ജയരാജൻ വിട്ടു നിൽക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ നയിച്ച പ്രതിരോധ ജാഥയിൽ നിന്ന് ഇ പി ആദ്യഘട്ടത്തിൽ വിട്ടുനിന്നത് വലിയ തോതിൽ ചർച്ചയായിരുന്നു. പ്രതിരോധ ജാഥ കണ്ണൂരിലെത്തിയപ്പോഴും അദ്ദേഹം ജാഥയിൽ പങ്കെടുത്തിരുന്നില്ല.

