ഏക സിവിൽകോഡിന് എതിരല്ല; നടപ്പിലാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്ന് മായാവതി

ലഖ്‌നൗ: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതി. ഏക സിവിൽകോഡിന് തങ്ങൾ എതിരല്ലെന്നും എന്നാൽ, അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി വ്യക്തമാക്കി.

വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയും നിർബന്ധിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നതും ശരിയല്ലെന്നും മായാവതി അഭിപ്രായപ്പെട്ടു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും ചെയ്യും. അത് ജനങ്ങൾക്കിടയിൽ സാഹോദര്യബോധം വളർത്തും. എന്നാൽ, അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലാണെന്നും മായാവതി ചൂണ്ടിക്കാട്ടി.