ദ്വിദിന പര്യടനത്തിനായി ഇന്ത്യൻ പ്രതിരോധ സെക്രട്ടറി മ്യാൻമറിൽ; അതിർത്തി പ്രദേശ വിഷയങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ച നടന്നു

ന്യൂഡൽഹി: അതിർത്തി പ്രദേശ വിഷയത്തിൽ മ്യാൻമറുമായി ചർച്ച നടത്തി ഇന്ത്യ. ദ്വിദിന പര്യടനത്തിനായി മ്യാൻമറിലെത്തിയ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും മ്യാൻമറിന്റെ ചെയർമാനും സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ സീനിയർ ജനറലുമായ മിൻ ഓങ് ഹ്ലെയിങ്ങും തമ്മിലാണ് ചർച്ച നടന്നത്. മ്യാൻമർ തലസ്ഥാനമായ നയ്പിഡോയിൽ വെച്ചായിരുന്നു ചർച്ച.

ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലെ ശാന്തത നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിർത്തി കടന്നുണ്ടാകുന്ന അനധികൃത നീക്കങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത് തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങളും ചർച്ചാ വിഷയമായി.

അതിർത്തി പ്രദേശങ്ങൾ പരസ്പരം ദ്രോഹിക്കപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കാൻ ആരേയും അനുവദിക്കില്ലെന്ന് ഇരുരാജ്യങ്ങളും പരസ്പരം ഉറപ്പുനൽകി. അതേസമയം, മ്യാൻമർ പ്രതിരോധ മന്ത്രി റിട്ട. ജനറൽ മിയ തുൻ ഒയുമായും ഇന്ത്യൻ പ്രതിരോധ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. മ്യാൻമർ നേവി കമാൻഡർ ഇൻ ചീഫ് അഡ്മിറൽ മോ ഓങ്, പ്രതിരോധ വ്യവസായ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാൻ മ്യിന്ത് താൻ എന്നിവരുമായും അദ്ദേഹം സംസാരിച്ചു.

മണിപ്പൂർ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മ്യാൻമറും ഇന്ത്യയും തമ്മിൽ ഉദ്യോഗസ്ഥതല ചർച്ച നടന്നിരിക്കുന്നത്. മ്യാന്മറിന്റെ രണ്ട് പ്രദേശങ്ങളായി ആകെയുള്ള 1700 കിലോമീറ്റർ അതിർത്തി പ്രദേശങ്ങളിൽ 398 കിലോമീറ്ററും പങ്കിടുന്നത് മണിപ്പൂരാണ്.