ന്യൂഡൽഹി: സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിന് താത്ക്കാലിക ആശ്വാസം. 2002ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന കേസിൽ ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ച്ചത്തേക്കാണ് സ്റ്റേ. സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ ടീസ്റ്റ സെതൽവാദ് മേൽക്കോടതിയെ സമീപിച്ചിരുന്നു. ഉടൻ കീഴടങ്ങാനും ടീസ്റ്റയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി രണ്ടംഗ ബഞ്ചിൽ ഭിന്നാഭിപ്രായം ഉടലെടുത്തതോടെ മൂന്നംഗ ബഞ്ചിന് വിടുകയായിരുന്നു.
രണ്ടംഗ ബഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക ടീസ്റ്റയ്ക്ക് ജാമ്യം അനുവദിക്കണമെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രം ഇക്കാര്യത്തിൽ വിയോജിപ്പ് അറിയിച്ചു. തുടർന്നാണ് ഇന്ന് രാത്രി 9.15-ഓടെ മൂന്നംഗ ബഞ്ച് പ്രത്യേക സിറ്റിംഗിലൂടെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജസ്റ്റിസ് ബി ആർ ഗവായ്യുടെ നേതൃത്വത്തിലുള്ള ബഞ്ചായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്.
പിന്നീട് രാത്രി പത്ത് മണിയോടെ സുപ്രീം കോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്നതാണ് സെതൽവാദിനെതിരെയുള്ള ആരോപണം. 2022ൽ കേസുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

