ജി എസ് ടി നികുതികൾ കൃത്യമായി അടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡൽഹി: നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രത്തിന്റെ അംഗീകാരം. ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് ഇത്തരമൊരു അംഗീകാരം ലഭിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സിന്റെ സർട്ടിഫിക്കറ്റാണ് കമ്പനിയ്ക്ക് ലഭിച്ചത്.

2022-23 സാമ്പത്തിക വർഷത്തിലെ നികുതി അടവ് സംബന്ധിച്ചാണ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. സർട്ടിഫിക്കറ്റിന്റെ പകർപ്പ് കമ്പനി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമിച്ച ആദ്യ ‘നയൺ’ ആണ്. 2019ലാണ് ചിത്രം പുറത്തിറങ്ങിയത്. വിതരണ രംഗത്തും കമ്പനി സജീവമാണ്. രജനീകാന്തിന്റെ ചിത്രമായ ‘പേട്ട’യാണ് പൃഥ്വിരാജ് ആദ്യമായി വിതരണം ചെയ്ത ചിത്രം. പിന്നീട് മാസ്റ്റർ, കെ ജി എഫ്, കാന്താര, 777 ചാർളി തുടങ്ങിയ ചിത്രങ്ങളും കമ്പനി കേരളത്തിൽ വിതരണത്തിനെത്തിച്ചു.

അതേസമയം, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേർന്നും പൃഥ്വിരാജ് പ്രൊഡക്ഷൻസ് സിനിമകൾ നിർമിക്കുന്നുണ്ട്.