ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ട സംഭവം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരോട് പൊതുസമൂഹം മാന്യമായി പെരുമാറണമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറോട് മോശമായി സംസാരിച്ചതും ആംഗ്യം കാണിച്ചതും ചോദ്യം ചെയ്‌ത സഹപ്രവർത്തകനായ ഡോക്ടർക്കാണ് മർദനമേറ്റത്. ഹൗസ് സര്‍ജന്‍ ഡോ. ഹനീഷ് മുഹമ്മദിനാണ് മർദനമേറ്റത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശികളായ റോബിൻ റോഷൻ, ജോസ് നീൽ സൈറസ് എന്നിവരെ അറസ്റ്റ് ചെയ്‌തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ സന്ദർശിക്കാനെത്തിയതായിരുന്നു റോഷനും ജോസനിലും.
ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ അടുത്ത് വരികയും കമന്‍റടിക്കുകയും ചെയ്തു. ഡോക്ടറുടെ ശരീരത്തിൽ തട്ടിയതോടെയാണ് സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ഇവർക്കെതിരെ രംഗത്തെത്തിയത്. വാക്കുതർക്കമായതിന് പിന്നാലെ റോഷനും ജോസനിലും ചേർന്ന് ഹാരിഷ് മുഹമ്മദിനെ മർദ്ദിക്കുകയായിരുന്നു. ഡോക്ടറെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

