ഡൽഹി മെട്രോയിൽ ഇനി മദ്യം കൊണ്ടുപോകാം; വിലക്ക് നീക്കി

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ ഇനി മദ്യം കൊണ്ടുപോകാം. മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാൾക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാനാണ് അനുമതിയുള്ളത്. എന്നാൽ, കുപ്പിയുടെ സീൽ പൊട്ടിക്കാൻ പാടില്ല. മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് കർശനമായി തുടരും.

ഡൽഹി മെട്രോയുടെ എയർപോർട്ട് എക്‌സ്പ്രസ് ലൈനിൽ മാത്രമാണ് നേരത്തെ മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഡിഎംആർസി എന്നിവരുടെ സംയുക്ത യോഗത്തിലാണ് രണ്ടു കുപ്പി വരെ മദ്യം കൊണ്ടുപോകാൻ അനുമതി നൽകാൻ തീരുമാനിച്ചത്. മദ്യവുമായി യാത്ര ചെയ്യുന്നതിന് ഇതുവരെയുണ്ടായിരുന്ന വിലക്ക് വിലയിരുത്തുന്നതിനായാണ് യോഗം ചേർന്നതെന്നാണ് വിവരം.

ഡൽഹി മെട്രോയിൽ മദ്യപിച്ച് അപമര്യാദയായി പെരുമാറുന്ന സാഹചര്യങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.