ബിജെപിക്കാർ എപ്പോഴും അസൂയയോടെയാണ് സംസാരിക്കുന്നത്; രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ഖാർഗെ

ന്യൂഡൽഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിക്കാർ ഏകാധിപത്യ ചിന്താഗതിക്കാരാണെന്നും അവർ എപ്പോഴും അസൂയയോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തേയും പ്രതിപക്ഷ ഐക്യ യോഗത്തേയും വിമർശിച്ചതിനാണ് അദ്ദേഹം ബിജെപിക്കെതിരെ രംഗത്തെത്തിയത്.

ഒരു കോൺഗ്രസ് നേതാവ് ജനങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കാൻ മണിപ്പുരിലേക്ക് പോവുകയാണെങ്കിൽ അതിനെ നാടകമെന്നാണ് ബിജെപിക്കാർ പറയുക. പട്നയിലെ പ്രതിപക്ഷ യോഗത്തെ ബിജെപി വിശേഷിപ്പിച്ചത് ഫോട്ടോ സെഷൻ എന്നാണ്. ബിജെപിക്കാർ ജനാധിപത്യ ചിന്താഗതിക്കാരല്ല. അവർ ഏകാധിപത്യ ചിന്താഗതിക്കാരാണ്. എല്ലായിപ്പോഴും അസൂയയോടെയാണ് ബിജെപിക്കാർ സംസാരിക്കുന്നത്. അത്തരമൊരു ചിന്താഗതിയെ അപലപിക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.

രാഹുൽ അവിടേക്ക് പോയത് നാടകമാണെങ്കിൽ അമിത് ഷായുടെ സന്ദർശനം മഹാ നാടകമാണോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അമിത് ഷാ മണിപ്പുരിൽ സന്ദർശനം നടത്തിയതുപോലെ ഒരു പ്രതിപക്ഷ നേതാവിന് അവിടേക്ക് പോകാൻ കഴിയാത്തത് എന്തുകൊണ്ടാണ്. നാല് ദിവസങ്ങൾക്ക് മുമ്പുതന്നെ രാഹുലിന്റെ സന്ദർശന വിവരം അറിഞ്ഞിരുന്നതിനാൽ ആവശ്യമായ ഒരുക്കങ്ങൾ അവർക്ക് നടത്താമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സുരക്ഷ നൽകാതിരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.