റഷ്യൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിനുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈൻ യുദ്ധത്തെക്കുറിച്ചും റഷ്യയിൽ വാഗ്‌നർ കൂലിപ്പട്ടാളം നടത്തിയ അട്ടിമറിനീക്കം പരിഹരിച്ചത് സംബന്ധിച്ച കാര്യങ്ങളും ഇരു നേതാക്കളും ചർച്ചചെയ്തു. ക്രെംലിൻ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജൂൺ 24ന് നടന്ന വാഗ്‌നർ ഗ്രൂപ്പിന്റെ അട്ടിമറി നീക്കത്തിൽ ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റഷ്യൻ ഭരണകൂടം സ്വീകരിച്ച നടപടികളിൽ മോദി പിന്തുണ അറിയിച്ചുവെന്നും ക്രെംലിൻ ചൂണ്ടിക്കാട്ടി.

റഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ച നടത്തി. പരസ്പര താൽപ്പര്യമുള്ള മേഖലാ, ആഗോള വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.