കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി വിചാരിച്ചെങ്കിൽ സ്വപ്നം മാത്രമാണതെന്ന് അദ്ദേഹം പറഞ്ഞു. മോൻസനെ വലിയവനാക്കിയത് സർക്കാരും ദേശാഭിമാനിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻറെ പരാമർശം.
തന്നെ തട്ടിപ്പുകേസിൽ പ്രതിയാക്കാനാകുമെങ്കിലും ശിക്ഷിക്കാൻ കഴിയില്ല. കാരണം ശിക്ഷിക്കുന്നത് കോടതിയാണ്. അവിടെ ഇത്തിരി നീതിയും ന്യായവും ബാക്കിയുണ്ട്. ആ നീതിയും ന്യായവും നിലനിൽക്കുന്ന കാലം വരെ, ശിക്ഷിക്കപ്പെടേണ്ടുന്ന കുറ്റത്തിലേക്കൊന്നും കെ സുധാകരൻ കടന്നുപോകില്ല എന്ന് പിണറായി വിജയനും പരിവാരങ്ങളും മനസ്സിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ അഴിമതിക്കേസുകളും അന്വേഷിക്കും. പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇടമുണ്ടാകും. നരേന്ദ്ര മോദിയേക്കാളും വലിയ മോദിയായിട്ടാണ് പിണറായി വിജയൻ ഇവിടെ നിൽക്കുന്നത്. നരേന്ദ്ര മോദിയുടെ മണിപ്പുർ നിങ്ങൾ കണ്ടു. മണിപ്പുരിൽ എല്ലാ ദിവസവും കൊലപാതകങ്ങൾ നടക്കുന്നു. വെടിവച്ചു കൊല്ലുകയാണ്. എന്നിട്ട് വായ തുറന്നോ ഈ പ്രധാനമന്ത്രി. പ്രശ്‌നം പരിഹരിക്കാൻ എന്തെങ്കിലും ചെയ്‌തോയെന്നും അദ്ദേഹം ചോദിക്കുന്നു. നാടു നീറുമ്പോൾ മോദി വിദേശയാത്ര നടത്തി സുഖിക്കുകയാണ്. ആ മോദിയോടുള്ള പോരാട്ടത്തിലാണ് നമ്മളെല്ലാവരുമെന്നും സുധാകരൻ പറഞ്ഞു.
താൻ ദുർബലനാകണമെങ്കിൽ എന്നോ ആകേണ്ടതായിരുന്നു. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ട് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനുള്ള ത്രാണിയും ശേഷിയും ആത്മധൈര്യവും കെ സുധാകരന് ഉണ്ടെങ്കിൽ, ശിഷ്ട ജീവിതവും അതിന്റെ പലമടങ്ങ് കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ തനിക്കു മനക്കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

