മലപ്പുറം: മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാൻ ആഗ്രഹമുണ്ടെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അഭിപ്രായത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരത്തിന്റെ ഐക്യ പ്രസ്താവന കാലത്തിന്റെ ആവശ്യമാണെന്നും ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗുമായി സഹകരിക്കാനുള്ള നല്ല മനസ്സിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. ന്യൂനപക്ഷസംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമാണ് മുസ്ലിം ലീഗ്. ഇതുവരെ കാന്തപുരം വിഭാഗവുമായി ഉണ്ടായിട്ടുള്ളത് സൗഹൃദ സംഭാഷണം മാത്രമാണ്. ഔദ്യോഗിക ചർച്ചകൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭീതിതമായ സാഹചര്യത്തിലൂടെയാണ് ന്യൂനപക്ഷം കടന്നുപോകുന്നത്. ആ സാഹചര്യത്തിൽ ആയിരിക്കാം കാന്തപുരത്തിന്റെ നിർദ്ദേശമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗുമായി ഒന്നിച്ചുപോകുന്നതാണ് നല്ലതെന്ന് എപ്പോഴും തങ്ങളുടെ സംഘടന പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് നേരത്തെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കിയിരുന്നു.

