വിവാഹ ശേഷം ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ വിവാഹ ശേഷം ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് വനിതാ കമ്മീഷൻ. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലങ്കോട് പൊലീസിനോടാണ് വനിതാ കമ്മീഷൻ ഇക്കാര്യം നിർദ്ദേശിച്ചത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷ് വിഷയത്തിൽ കേസെടുത്തത്.

പല്ലശ്ശന സ്വദേശിയായ സച്ചിന്റെ വിവാഹ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സച്ചിന്റെ അയൽവാസിയായിരുന്നു ഗൃഹ പ്രവേശന സമയത്ത് സച്ചിന്റെയും നവവധു സജ്‌ലയുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകൾ തമ്മിൽ കൂട്ടിമുട്ടിച്ചപ്പോൾ വധുവും വരനും പകച്ചു പോയി. തല തമ്മിൽ കൂട്ടിയിടിച്ചപ്പോൾ വധുവിന് നന്നായി വേദനിക്കുകയും ചെയ്തു. വേദന കൊണ്ട് കരഞ്ഞാണ് വധു വരന്റെ വീട്ടിലേക്ക് കയറിയത്.