സംസ്ഥാനത്ത് പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ; പെട്രോൾ പമ്പ് ഡീലർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്ത് പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. പുതിയതായി 1303 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനാണ് പൊതുമേഖല എണ്ണക്കമ്പനികൾ ലക്ഷ്യമിടുന്നത്. 5 വർഷത്തിനു ശേഷമാണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ പമ്പ് ഡീലർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത്.

കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ 718 സ്ഥലങ്ങളും ഭാരത് പെട്രോളിയം 398, ഹിന്ദുസ്ഥാൻ പെട്രോളിയം 187 ലൊക്കേഷനുകളുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. പലതും സംവരണ വിഭാഗങ്ങൾക്കുള്ളതാണ്. പുതിയ പമ്പുകൾ ആരംഭിക്കുന്നത് നഗരപ്രദേശങ്ങൾ, നിർമാണം നടക്കുന്ന ഹൈവേകൾ, ഗ്രാമങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ്. ഏകദേശം 1500 പമ്പുകൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. 2018 ൽ ഇത്രതന്നെ പമ്പുകൾക്കായി പരസ്യം നൽകിയിരുന്നെങ്കിലും 300 പമ്പുകൾ മാത്രമാണ് കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞത്. സ്ഥല ലഭ്യത മുതൽ കർശന നിയന്ത്രണങ്ങൾ വരെ തടസമായതായിരുന്നു ഇതിന് കാരണം.

നഗര, മുനിസിപ്പാലിറ്റി പരിധിയിലും ഹൈവേകളോടും ചേർന്നുമുള്ള സ്ഥലം റെഗുലർ വിഭാഗത്തിലും അല്ലാത്തവ റൂറൽ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് ഡീലർഷിപ് നൽകുന്നത്. സംവരണമില്ലാത്തവർക്ക് റെഗുലർ ഔട്ട്‌ലെറ്റുകൾക്ക് 10,000 രൂപയും റൂറലിൽ 8000 രൂപയുമാണ് അപേക്ഷാ ഫീസ്. ഇതു തിരികെ കിട്ടില്ല. സെപ്റ്റംബർ 27 വരെയാണ് അപേക്ഷ നൽകേണ്ടത്.