കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയേക്കും; തീരുമാനം ഉടനെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അധികം വൈകാതെ ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായി സുരേഷ് ഗോപിയെ ഉൾപ്പെടുത്തുമെന്നാണ് വിവരം. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ സുരേഷ് ഗോപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് വഴി കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെട്രോമാൻ ഇ ശ്രീധരനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്താൻ ബി ജെ പി തയ്യാറെടുക്കുന്നതായി നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബി ജെ പി നേതാക്കൾ യോഗം ചേരുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, തിങ്കളാഴ്ച വൈകിട്ട് വിശാല മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഈ യോഗത്തോടെ മന്ത്രിസഭാ പുനഃസംഘടയുടെ കാര്യത്തിൽ വ്യക്തമായ ധാരണ ഉണ്ടാകുമെന്നാണ് സൂചന.