മലപ്പുറം: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹിമാൻ. ഇതിനായുള്ള നടപടിക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. റൺവേ വികസനത്തിനു ഭൂമി ഏറ്റെടുത്തു നൽകിയില്ലെങ്കിൽ ഓഗസ്റ്റ് ഒന്നു മുതൽ കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കേണ്ടി വരുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ സുരക്ഷിത മേഖല (റിസ) വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാന സർക്കാരിനുള്ള അന്ത്യശാസനമാണ് ഈ കത്ത്. ഉടൻ ഭൂമിയേറ്റെടുത്തു നൽകിയില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ റൺവേയുടെ നീളം കുറച്ച് റിസ വികസിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് കത്തിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സംസ്ഥാന സർക്കാർ ഇതിനകം ഏറ്റെടുക്കാൻ നടപടി തുടങ്ങിയ 14.5 ഏക്കർ ഭൂമിയെക്കുറിച്ചാണ് കത്തിൽ പരാമർശിക്കുന്നത്.
ഏറ്റെടുക്കുന്ന ഭൂമി റൺവേക്കു സമമായി നിരത്തുന്നതിനുള്ള പണം എയർപോർട്ട് അതോറിറ്റി വഹിക്കണമെന്നായിരുന്നു നേരത്തെ സംസ്ഥാന സർക്കാർ ഉന്നയിച്ചിരുന്ന ആവശ്യം. എന്നാൽ, ഇക്കാര്യം അംഗീകരിച്ചിട്ടും ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നാണ് കത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
14.5 ഏക്കർ ഭൂമിയാണ് പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി സർക്കാർ ഏറ്റെടുത്തു നൽകേണ്ടത്. പ്രാദേശിക എതിർപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. പരിസ്ഥിതി ആഘാത പഠനം നടത്തി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. സ്ഥലം വിട്ടു നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

