എം വി ഗോവിന്ദനെതിരെയുള്ള പരാതി; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന പരാതിയിലാണ് എം വി ഗോവിന്ദനെതിരെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല. പൊതുപ്രവർത്തകൻ പായ്ചിറ നവാസ് ആണ് എം വി ഗോവിന്ദനെതിരെ പരാതി നൽകിയത്.

എം വി ഗോവിന്ദൻ കെ സുധാകരനെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ കേസെടുക്കണമെന്നായിരുന്നു നവാസിന്റെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാൻ ബോധപൂർവാണ് ഇത്തരം പരാമർശം നടത്തിയതെന്നും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വെള്ളിയാഴ്ച രാവിലെ 11 ന് കളമശ്ശേരി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പരാതിക്കാരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. മൊഴിയെടുക്കാനാണ് പരാതിക്കാരനോട് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.