ന്യൂഡൽഹി: തക്കാളിയുടെ വില വർദ്ധനവിൽ പ്രതികരണവുമായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. വില വർദ്ധന ഒരു താത്ക്കാലിക സീസണൽ പ്രതിഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. തക്കാളി വില ഉടൻ കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന നഗരങ്ങളിൽ തക്കാളിയുടെ വിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
തക്കാളി പെട്ടന്ന് തന്നെ ചീത്തയാകുന്ന ഒരു പച്ചക്കറിയാണ്. അധികകാലം ഇവ സംരക്ഷിച്ച് വെക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതിവഴിയിൽ തന്നെ തക്കാളി നശിക്കാൻ കാരണമാകുകയും ചെയ്യാറുണ്ട്. ഇത് താൽക്കാലിക പ്രശ്നമാണ്. തക്കാളിയുടെ വില ഉടൻ കുറയും. എല്ലാ വർഷവും ഈ സമയത്ത് ഇങ്ങനെ ഉണ്ടാകാറുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന താപനില, ഉത്പാദനം കുറയൽ, മഴയിലുണ്ടായ കാലതാമസം തുടങ്ങിയ ഘടകങ്ങളാണ് തക്കാളി വില ഉയരാൻ കാരണമായത്.

