ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; സാമൂഹികാഘാത പഠനത്തിന്റെ റിപ്പോർട്ട് വിലയിരുത്താൻ സമിതിയ്ക്ക് രൂപം നൽകി സർക്കാർ

എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനത്തിന്റെ റിപ്പോർട്ട് വിലയിരുത്താൻ സമിതിയ്ക്ക് രൂപം നൽകി സംസ്ഥാന സർക്കാർ. ഏഴംഗ വിദഗ്ധ സമിതിയെയാണ് സർക്കാർ രൂപീകരിച്ചത്. എംജി സർവകലാശാലാ സ്‌കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ് അസി. പ്രഫസർ ഡോ. എം.വി. ബിജുലാൽ ആണ് സമിതി ചെയർമാൻ.

സിഎംഎസ് കോളജ് അസി. പ്രഫസർ ഡോ. സിബിൻ മാത്യു മേടയിൽ (സോഷ്യൽ സയന്റിസ്റ്റ്), എംജി സർവകലാശാലാ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് അസോഷ്യേറ്റ് പ്രഫസർ ഡോ. ബിജി ലക്ഷ്മണൻ (പുനരധിവാസ വിദഗ്ധൻ), മണിമല പഞ്ചായത്തംഗം റോസമ്മ ജോൺ, എരുമേലി പഞ്ചായത്തംഗം അനിശ്രീ സാബു, കണ്ണൂർ വിമാനത്താവളം ഡയറക്ടർ കെ.പി.ജോസ് (സാങ്കേതിക വിദഗ്ധൻ) തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

റിപ്പോർട്ട് പഠിച്ചശേഷം സമിതിയുടെ ശുപാർശകൾ കലക്ടർക്കു സമർപ്പിക്കും. തുടർന്ന് ഇത് സർക്കാർ പരിഗണിക്കും. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ മാനേജ്‌മെന്റാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. ഇവർ കരട് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഹിയറിങ് നടത്തി. ഹിയറിങ്ങിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ റിപ്പോർട്ട് തയാറാക്കുക. ഈ റിപ്പോർട്ട് ഇറങ്ങി 2 മാസത്തിനുള്ളിൽ അതു പഠിച്ചു സർക്കാരിലേക്കു ശുപാർശകൾ സമർപ്പിക്കുകയാണ് വിദഗ്ധ സമിതിയുടെ ചുമതല.