ഭീകരവാദം രാജ്യനയമായി സ്വീകരിച്ച രാജ്യങ്ങൾക്കൊന്നും ഇനി രക്ഷയില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ശ്രീനഗർ: പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദം രാജ്യനയമായി സ്വീകരിച്ച രാജ്യങ്ങൾക്കൊന്നും ഇനി രക്ഷയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഭീകരവാദത്തിനെതിരെ ഒന്നിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു സർവകലാശാല സംഘടിപ്പിച്ച ‘സെക്യൂരിറ്റി കോൺക്ലേവ്’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇറക്കിയ സംയുക്ത പ്രസ്താവനയിലൂടെ ഭീകരവാദ വിഷയത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ മാനസികാവസ്ഥ ഇന്ത്യ മാറ്റിയതായി കാണാം. പാക് അധിനിവേശ കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നു. ഭാവിയിലും അത് അങ്ങനെതന്നെ തുടരും. പാകിസ്ഥാൻ എത്രയോക്കെ സ്ഥാപിക്കാൻ ശ്രമിച്ചാലും പാക് അധിനിവേശ കശ്മീർ അവരുടേതാകില്ല. പാകിസ്താൻ അനധികൃതമായി ജമ്മു കശ്മീരിന്റെ ഒരു വലിയ ഭാഗം കയ്യേറിയിരിക്കുകയാണ്. ജമ്മു കശ്മീരിൽ ജനങ്ങൾ സമാധാനത്തോടെ വസിക്കുന്നത് മറ്റൊരു ഭാഗത്തെ ജനങ്ങൾ കാണുന്നു. പാക് അധിനിവേശ കശ്മീരിൽ ജീവിക്കുന്ന ജനങ്ങൾ ഒരുപാട് കഷ്ടതകളിലൂടെയാണ് കടന്നുപോകുന്നത്. അവർ ഇന്ത്യയിലേക്കു വരണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആർട്ടിക്കിൾ 370ഉം 35എയും കാരണം ജമ്മു കശ്മിരിലെ സാധാരണ ജനങ്ങളെ കാലങ്ങളായി രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുക വഴി കാലങ്ങളായി നീതി നിഷേധിക്കപ്പെട്ട ജമ്മു കശ്മീരിലെ ജനങ്ങൾക്കു ബിജെപി സർക്കാർ നീതി ലഭ്യമാക്കിയെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.