വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ ചുമത്തി; പിന്നാലെ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട്: എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വയനാട് കൽപ്പറ്റയിലെ എംവിഡി ഓഫീസിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. ഈ ഓഫീസിൽ നിന്നുമാണ് ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

അതേസമയം, വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കഴിഞ്ഞയാഴ്ച കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. കഴിഞ്ഞദിവസം ചില്ല വെട്ടാൻ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എ ഐ ക്യാമറ നോട്ടീസ് ലഭിച്ചത്. കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു.

അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനാണ് ഫൈൻ ലഭിച്ചത്. ജൂൺ ആറിന് ചാർജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്.