മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്തിനെക്കുറിച്ചും അന്വേഷണം വേണം; കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്തിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ച് കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്വത്ത് അന്വേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ സ്വത്തുവിവരവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം ചർച്ചയാകാതിരിക്കാനുള്ള ഗൂഢ ശ്രമമാണ് കേന്ദ്രത്തിന്റെ ബി ടീമായ എൽഡിഎഫ് സർക്കാർ നടത്തുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഒരു ഗൂഢ ശ്രമമാണ് ഇതിന്റെയൊക്കെ മുഖ്യലക്ഷ്യം. കേരളത്തിലെ കാര്യങ്ങൾ മാത്രം ചർച്ച ചെയ്തിട്ട് നേട്ടമുണ്ടാക്കാനാണ് ശ്രമം. പക്ഷേ അതു നടക്കില്ല. തങ്ങൾ കേന്ദ്രത്തെ എതിർക്കുന്നതിനൊപ്പം തന്നെ, കേന്ദ്രത്തിന്റെ ബി ടീമാണ് പിണറായിയെന്നു സ്ഥാപിക്കും. അതുകൊണ്ട് ഈ കേസുകൾ കൊണ്ടൊന്നും തങ്ങൾ വിരണ്ടു പോകില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വരുമാന സ്രോതസുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്.

കെ സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലൻസ് സ്‌കൂൾ പ്രിൻസിപ്പലിന് നോട്ടീസ് അയക്കുകയും ചെയ്തു. കെ സുധാകരന്റെ മുൻ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് ഇത് സംബന്ധിച്ച പരാതി വിജിലൻസിന് നൽകിയത്. കണ്ണൂരിൽ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം വൻ തോതിൽ സുധാകരൻ പണം പിരിച്ചിരുന്നു. ഇതിൽ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.