തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാക്കി നടൻ കൃഷ്ണകുമാർ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത പരിപാടിയ്ക്ക് പിന്നാലെയാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്. കവടിയാർ ഉദയ് പാലസിൽ വെച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിൽ തനിക്കു വേദിയിൽ ഇടം നൽകിയില്ലെന്നാണ് കൃഷ്ണകുമാർ പറയുന്നത്. പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി അവസാനിക്കുന്നതിന് മുൻപ് തന്നെ മടങ്ങിയിരുന്നു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. പാർട്ടി നേതൃത്വവുമായുള്ള ആശയവിനിമയം വേണ്ട തോതിൽ നടക്കുന്നില്ല. നേതാക്കൾക്ക് അവരുടേതായ തിരക്കുകളുള്ളതു കൊണ്ടാകും തന്നേപ്പോലുള്ളവർ വിളിച്ചാൽ കിട്ടാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
എന്നാൽ, തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന കാര്യവും അദ്ദേഹം അറിയിച്ചു. നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണ് യോഗം. താൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണ് താൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് തന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, താൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കലാകാരൻമാർക്ക് ബിജെപിയിൽ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന വിമർശനവുമായി നേരത്തെ സംവിധായകരായ രാജസേനൻ, രാമസിംഹൻ (അലി അക്ബർ), നടൻ ഭീമൻ രഘു എന്നിവർ പാർട്ടി അംഗത്വം ഉപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തലുകളും പുറത്തു വരുന്നത്.

